Friday, October 30, 2015

കടം കൊണ്ട കഥാപാത്രങ്ങള്‍

പത്മയോടും ശ്രീഹരിയോടുമൊപ്പമായിരുന്നു രണ്ടു ദിവസങ്ങള്‍. എത്രയോ കാലങ്ങള്‍ക്ക് ശേഷം വീണ്ടും... എപ്പോഴോ കാണണമെന്ന് തോന്നി, അപ്പോള്‍ ശ്രീഹരിയും അവധിയെടുക്കാമെന്ന്, രണ്ടു ദിവസങ്ങള്‍ നമുക്കായി മാത്രമെന്നു പരസ്പരം പറഞ്ഞു.. ഇടയ്ക്കുള്ള വിളികളല്ലാതെയൊരു കൂടിക്കാഴ്ച അവിചാരിതമായിരുന്നെങ്കിലും അനിവാര്യമായിരുന്ന സമയം തന്നെയായിരുന്നു. അങ്ങനെയാണെന്ന് അവനും തോന്നിക്കാണണം. ഒരു പകലവസാനത്തില്‍ ഞങ്ങള്‍ മൂന്നുപേരും കുന്നിന്‍പുറത്തുള്ള സ്ഥിരം സങ്കേതത്തിലെത്തി. പരസ്പരമറിയുന്ന ഞങ്ങള്‍ക്കായി മാത്രം തീര്‍ത്ത ഒരിടം. ശാന്തിയുടെ, സമാധാനത്തിന്റെ നിമിഷങ്ങള്‍ നല്‍കുന്ന ചുറ്റുപാട്. നഗരത്തിന്റെ ശബ്ദഘോഷങ്ങളും ആഘോഷത്തിമര്‍പ്പുകളും ഇല്ലാതെ ഏറ്റവും ശാന്തമായൊരിടം. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും അങ്ങനേ ആവാഹിച്ച ഇത്തരം സ്ഥലങ്ങള്‍ വളരെ കുറവാണ്, അല്ലെങ്കില്‍ അതിനെ ഇങ്ങനെ മാറ്റിപ്പറയാം.. അത്രയും പ്രിയപ്പെട്ട, അത്രയും പരസ്പരമറിയാവുന്നവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ എത്തിച്ചേരുന്നിടങ്ങളെല്ലാം മനോഹരമാകുന്നനിമിഷങ്ങള്‍. 

ഹരിയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. പത്മ ഹരിയുടെയടുത്ത് മുന്നിലും പിന്നിലെ വിശാലമായ സീറ്റില്‍ ഞാനും. പഴയതും പുതിയതുമായ മധുരതരമായ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ആളുടെയടുത്ത്. ചെറിയ ശബ്ദത്തില്‍ ഗാനങ്ങള്‍ ഓരോന്നായി മാറിക്കൊണ്ടിരുന്നു. കുന്നിന്‍ പുറത്തെ വീട്ടില്‍ എത്തുന്നത് വരെ ഞങ്ങളൊന്നും സംസാരിച്ചിരുന്നില്ല. അല്ലെങ്കിലും എപ്പോള്‍ കണ്ടാലും സംസാരിക്കാന്‍ മാത്രമുള്ളതൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവാറില്ല. അല്ലെങ്കില്‍ ഒന്നും പറയാതെ പരസ്പരമറിയാന്‍ കഴിയുന്നവര്‍ ആയത് കൊണ്ടാവാം. ഹരിയെ പോലെ ശാന്തമായിരുന്നു അവന്റെ ഡ്രൈവിങ്ങും. ഏറെ കരുതലോടെ എന്നാല്‍ വേഗതയില്‍ തന്നെ. അവന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ അനാവശ്യമായി ഹോണ്‍ മുഴക്കാറില്ല എന്നതാണ്, വളരെ അത്യാവശ്യം മാത്രം. പത്മ പാട്ടിന്റെ വരികളില്‍ മുഴുകിയിരിക്കുന്നു. എന്നത്തെയും പോലെ, യാത്രകളില്‍ അവള്‍ക്കെപ്പോഴും ഗാനങ്ങള്‍ നിര്‍ബന്ധമാണ്‌.

വീട്ടിലെത്തിയത് രാത്രി ഒന്‍പതു മണിക്കാണ്. പതിവ് പോലെ നടവഴിയിലെ മരങ്ങള്‍ ശുദ്ധമായ വായു നല്‍കി ഞങ്ങളെ വരവേറ്റു. ഇലകളില്‍ നിന്നും മഴത്തുള്ളികള്‍ ഞങ്ങള്‍ക്ക് മേല്‍.. തണുവാര്‍ന്ന നിമിഷങ്ങള്‍.. വീണുകിടക്കുന്ന കൊഴിഞ്ഞയിലകള്‍, പൂവുകള്‍... മഴപ്പെയ്ത്തില്‍ അവ മണ്ണോടു ചേര്‍ന്നിരിക്കുന്നു.. പദപതനങ്ങളുടെ താളലയങ്ങള്‍ അവയ്ക്ക് മുകളിലൂടെ പടിവാതിലിലേക്ക്. പത്മയായിരുന്നു വാതില്‍ തുറന്നത്.. വീട്ടിനുള്ളില്‍ നിറയെ പുതുസുഗന്ധം.. എന്നും എപ്പോള്‍ വന്നാലും ഈ വീടിനെപ്പോഴും പുതുമയുടെ ഗന്ധമാണ്.. അത്രമാത്രം ആ വീട് ഞങ്ങളെ സ്നേഹിക്കുന്നത് കൊണ്ടായിരിക്കാമത്. 

ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു പത്മ പറഞ്ഞത്.. ജീവിക്കാനറിയാതെ പോകരുത്, ഈ നിമിഷം അല്ലെങ്കില്‍ അതിനടുത്ത നിമിഷം നമ്മളൊക്കെ എങ്ങോ മറയാനുള്ളവരാണ്. വേദനകളെ സ്നേഹിച്ചു സ്നേഹിച്ചു നീയെന്തിനാണ്‌ മനോഹരമായ ഒരു ജീവിതം തുലച്ചുകളയുന്നത്. നിലപാടുകളുടെ അങ്ങേയറ്റമാണ് അവളുടെ സംസാരങ്ങള്‍ എപ്പോഴും. പ്രായോഗികതയുടെ വാക്താവ്. സ്നേഹത്തിലെവിടെയാണ് പ്രായോഗികതകള്‍ എന്ന ആത്മഗതം അവള്‍ കേട്ടത് കൊണ്ടോ എന്തോ പിന്നീടൊന്നും അതേപറ്റി പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ വരാന്തയിലിരുന്നു. നല്ല നിലാവുണ്ടായിരുന്നു, തണുത്ത കാറ്റും. ഇടയ്ക്കെപ്പോഴെങ്കിലും മുഴങ്ങുന്ന മൊബൈലിനെ ഈ യാത്രയുടെ ആദ്യം മുതല്‍ക്കേ ഓഫ്‌ ചെയ്തു വച്ചിരുന്നു. ജീവിതത്തില്‍ പലതും കാണാതെ പോകുന്നതിനു കാരണം ഇവയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിരുന്നു. പ്രിയപ്പെട്ടവരെ കാണാന്‍ പോകുന്നതിനു പകരം ഒന്നോ രണ്ടോ വിളികളില്‍ കുശലാന്വേഷണം, വിശേഷം പറച്ചില്‍.. തീര്‍ന്നു. ബന്ധങ്ങള്‍ പലപ്പോഴും ഒരു വിളിയിലോ, സന്ദേശങ്ങളിലോ ഒതുങ്ങിപ്പോകുന്നു. വല്ലാതെ കുറ്റബോധം തോന്നാറുണ്ട് അവസാന കാഴ്ചയ്ക്കും കൂടിച്ചേരലിനും മുന്‍പേ വിടപറയുന്നവര്‍, ജീവിതത്തില്‍ ഇനിയൊരിക്കലും കാണാന്‍ കഴിയാത്തവര്‍. ഓര്‍ത്തിരിക്കേ ഹരിയായിരുന്നു പറഞ്ഞത് ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. നമ്മള്‍ പ്രതീക്ഷിക്കുന്നതൊന്നുമാവില്ല സംഭവിക്കുന്നത്, തീര്‍ത്തും അപ്രതീക്ഷിതമായത്, അത്രയും പ്രതീക്ഷിക്കാത്ത സമയങ്ങളില്‍, അതങ്ങനേ വന്നു ചേരും. ചിലത് സന്തോഷമായിരിക്കാം, ചിലത് വേദനയായിരിക്കാം. അതെന്തോ ആവട്ടെ വന്നു ചേരുന്നതിനെയെല്ലാം ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുക. പിന്നെ മനസ്സ് വായിച്ചെന്നവണ്ണം കൂടെ ചേര്‍ത്തു വേദനിച്ചിരിക്കുക, ഓര്‍മ്മകളില്‍ ജീവിക്കുക ഇവയൊന്നും അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങളല്ല എന്നിരിക്കേ അവയെ ഉപേക്ഷിച്ചേക്കുക. പത്മയോടു ചേര്‍ന്ന് നീയും പ്രായോഗികവാദിയായോ എന്ന ചോദ്യത്തിന് ഹൃദ്യമായ ചിരിയോടെ അവളുടെ വാശികളെ കുറിച്ച് ഹരി വാചാലനായി. എല്ലാത്തിനും ശേഷം എന്റെ ഏതു വാശിയായിരുന്നു നല്ലതല്ലാത്തത് എന്ന പത്മയുടെ ചോദ്യത്തിന് "ശരിയാണ്, നല്ലത് തന്നെ" എന്ന് ഹരി സമ്മതിക്കുകയായിരുന്നു. അല്ലെങ്കിലും ഹരിയ്ക്ക് പത്മയോടു സമ്മതങ്ങളല്ലാതെ വിസമ്മതങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല, അതിനെ ഇങ്ങനെ മാറ്റിപ്പറയുകയും ചെയ്യാം ഹരിയ്ക്ക് വിസമ്മതമാവുന്ന കാര്യങ്ങളൊന്നും തന്നെ പത്മ പറയുകയുമില്ല. കുറഞ്ഞ കാലം കൊണ്ട് അവര്‍ പരസ്പരം നന്നേ അറിഞ്ഞിരിക്കുന്നു. അത്രയ്ക്കും ആഴത്തില്‍, കൃഷ്ണമണികളുടെ ചെറിയ അനക്കത്തില്‍ പോലും മനസ്സ് ഗ്രഹിക്കാന്‍ കഴിയുക എന്ന് വരുമ്പോള്‍ സ്നേഹം അത്രമേല്‍ ആത്മാര്‍ത്ഥവും ഗാഢവുമാണ് എന്നാണു.

സംസാരിച്ചു കൊണ്ടിരിക്കേ ആകാശത്തിലേക്ക് വിരല്‍ചൂണ്ടി ദേ വിമാനം എന്നുറക്കെ വിളിച്ചു പറഞ്ഞു അവള്‍. കണ്ണുകളില്‍ ഇന്നും കൗതുകം സൂക്ഷിക്കാന്‍ കഴിയുക എന്നത് വലിയൊരാശ്വാസം തന്നെയാണ്. എത്രയോ ജീവനുകളെയും, അത്ര തന്നെ പ്രതീക്ഷകള്‍, സ്നേഹം, കരുതല്‍, വാത്സല്യം, സംഘര്‍ഷം, സമ്മര്‍ദ്ദങ്ങളും കൊണ്ട് വായുവില്‍ പറന്നു പോകുന്ന വാഹനം. എത്ര പേരുടെ വേര്‍പാടുകള്‍, എത്ര പേരുടെ വിരഹം, സങ്കടത്തിന്റെ സന്തോഷത്തിന്റെ കണ്ണുനീരുകളാല്‍ യാത്രയാക്കപ്പെട്ടവര്‍, ഒന്നുചേരാന്‍ പോകുന്നവര്‍. നമുക്കൊരു ചിറകു തുന്നണം, അതിലേറി ഈ ലോകം മുഴുവനും സഞ്ചരിക്കണം, വിമാനത്തെ പോലെ കൃത്യമായ വഴികളിലൂടെയല്ല. ഈ മരങ്ങള്‍ക്കും, മലകള്‍ക്കും മുകളിലൂടെ.. ആ പുഴയ്ക്കും കായലിനും മീതെ.. ഒരു നൂറായിരം ആളുകള്‍ക്ക് മുകളിലൂടെ, അവരെ കണ്ടു, അവരെ അറിഞ്ഞു കൊണ്ട്.. ചിറകുകള്‍ തളരാതെ ഒരു യാത്ര. നമ്മുടെ പ്രശ്നങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, സംഘര്‍ഷങ്ങള്‍ ഇവയൊന്നും ഒന്നുമല്ലെന്ന് അറിയാന്‍ വേണ്ടി മാത്രം നമുക്കൊരു ചിറക് തുന്നണം.

ഏറെ നേരം സംസാരിച്ചു ഉറങ്ങാന്‍ വൈകിയെന്ന ഓര്‍മ്മപ്പെടുത്തല്‍ പത്മയുടെ വകയായിരുന്നു. സമയം നോക്കിയപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി. വീടിനു മുകളിലെ ടെറസ്സില്‍ ആകാശം നോക്കി കിടക്കുന്നതാണ് എന്റെയിഷ്ടം എന്നറിയാവുന്നതിനാല്‍ ശുഭരാത്രി പറഞ്ഞു കൊണ്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി. ടെറസ്സിനു മുകളില്‍ ഗ്ലാസ്‌ കൊണ്ടുള്ള മേല്‍ക്കൂരയ്ക്ക് താഴെ പതുപതുത്ത മെത്തയുമായി കട്ടില്‍ കാത്തിരിക്കുന്നു. ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഇറക്കിവച്ച് ഒന്നും ഓര്‍ക്കാതെ ഒന്നിനെ പറ്റിയും ആകുലപ്പെടാതെ ഏതാനും മണിക്കൂറുകള്‍..! സുന്ദരമായ നിമിഷങ്ങള്‍. ഓരോ ഉറക്കവും ഒരു ചെറുമരണമാണെന്ന് പറഞ്ഞതാരായിരുന്നു.. ഉറക്കത്തേയും മരണത്തെയും പറ്റി ആലോചിച്ച് ഒരഞ്ചു നിമിഷം, അതിനിടയില്‍ ചെറുമരണത്തിലേക്ക് വഴുതി വീണു. ആകാശത്തിലെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളിലൂടെ പറഞ്ഞു കൊണ്ടിരുന്നു. നിലാവ് നെറ്റിമേലുമ്മ വച്ചു.. ഇളംകാറ്റ് കാതില്‍ പതിയെ മൂളി. പതിയെ പതിയെ....

പ്രഭാതം, എന്നത്തേക്കാളും മനോഹരമായി വിരുന്നു വന്നു. വിവിധയിനം കിളികളുടെ നാദങ്ങള്‍. എവിടെ നിന്നോ കൂവുന്ന കുയിലും മറുപാട്ട് പാടുന്ന അതിന്റെ ഇണയും. കുന്നിനപ്പുറത്തു നിന്നുമെത്തുന്ന പ്രഭാതഗീതികള്‍.. കണ്ണുതുറന്നു ഉദിച്ചുയരുന്ന സൂര്യനെ നോക്കി. പ്രകാശരശ്മികള്‍ ഇലകള്‍ക്കിടയിലൂടെ കാഠിന്യമില്ലാതെ ദേഹമാസകലം പതിഞ്ഞു. ഇവിടെ വെയിലിനു പോലും ചൂട് കുറവാണ് എന്ന് കഴിഞ്ഞ വരവില്‍ പറഞ്ഞതോര്‍ത്തു. കഴിഞ്ഞ വരവിനെയോര്‍ത്തിരിക്കേ പത്മ ആവി പറക്കുന്ന ചായയുമായി വന്നു. ചായ വാങ്ങിച്ചു പതിയെ കുടിച്ചു. അന്നത്തെ യാത്രയെ കുറിച്ചവള്‍ ഓര്‍മ്മപ്പെടുത്തി. അധികം ദൂരെയ്ക്കല്ലാതെ, അതിനടുത്ത് തന്നെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയോരത്ത്. കടവത്തെ ഇടതിങ്ങി വളരുന്ന മരത്തണലിനിടയിലൂടെ സുദീര്‍ഘമായ ഒരു നടത്തം. ഇടയ്ക്ക് വിശ്രമിക്കാന്‍ പുഴയോരത്ത് ഒരുക്കി വച്ചിരിക്കുന്ന ചാരുകസേരകള്‍. 

പത്തുമണിക്ക് നടത്തം തുടങ്ങി. കാണുന്ന കാഴ്ചകള്‍, കേള്‍ക്കുന്ന ശബ്ദങ്ങള്‍ എല്ലാം മനസ്സിന് ഉണര്‍വ്വ് നല്‍കുന്നവയായിരുന്നു. വിനോദയാത്രയ്ക്കെത്തിയ കുറെ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു വഴിയില്‍. കുട്ടികള്‍ക്ക് വഴിയിലെ കാഴ്ചകളും, ഓരോ മരത്തിന്റെ പേരും പറഞ്ഞുകൊടുത്തുകൊണ്ട് അധ്യാപകര്‍. ഓരോ മരത്തിന്റെയും ഇലകളുടെ, പൂക്കളുടെ ഗന്ധം, അതിലെ ഫലങ്ങളുടെ മധുരം, രുചി, ഇവയെക്കുറിച്ചെല്ലാം അവര്‍ പറഞ്ഞു കൊടുക്കുന്നു, കുട്ടികള്‍ അവയൊക്കെ ശ്രദ്ധയോടെ കേള്‍ക്കുന്നു. ചിലര്‍ പഴുത്ത പഴങ്ങള്‍ പറിച്ചു കൂട്ടുകാരോടൊത്ത് പങ്കിടുന്നു. കൂട്ടത്തിലെ വികൃതികളെ നിയന്ത്രിക്കുന്ന അധ്യാപകര്‍ ചുണ്ടിലൊരു ചിരിക്ക് കാരണമായി. എന്തൊക്കെ പറയണം അനുസരണയോടെ അവരെ കൂടെ കൊണ്ട് നടക്കാന്‍. അധ്യാപകരുടെ ക്ഷമയെ സമ്മതിക്കാതെ വയ്യ. കുട്ടികളുടെ കുസൃതികളെയും..

ഞങ്ങള്‍ പുഴക്കരയിലെ ചാരുകസേരകളില്‍ അഭിമുഖമായിരുന്നു. റഫീക്കിന്റെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം വരുത്തിച്ചു. ഭക്ഷണം കഴിച്ചു തീരുന്നത് വരെ മൂന്നുപേരും നിശ്ശബ്ദരായിരുന്നു. കഴിച്ചതിനു ശേഷമാണ് പത്മ പറഞ്ഞത് കഴിഞ്ഞ വരവില്‍ റഫീക്കിന്റെ കടയില്‍ നിന്നും വാങ്ങിച്ചു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇന്നും മറന്നില്ലെന്നു. കടകളിലെ ഭക്ഷണത്തോട് മതിപ്പില്ലാത്ത അവളുടെ ആ ഓര്‍മ്മപ്പെടുത്തല്‍ റഫീക്കിനുള്ള അംഗീകാരം തന്നെ. ചുണ്ടിലെപ്പോഴും പുഞ്ചിരിയുമായി, ഹൃദ്യമായ സംഭാഷണവുമായി ഭക്ഷണശാലയില്‍ സമയം ചിലവഴിക്കുന്ന ചെറുപ്പക്കാരന്‍. ആള്‍ക്കാരെ ഊട്ടുന്നവന്‍. അവിടെ തിരക്കായത് കൊണ്ടും ഞങ്ങള്‍ പുഴക്കരയില്‍ ഇരുന്നത് കൊണ്ടുമായിരിക്കാം റഫീക്ക് തിരക്കുകളിലേക്ക് വേഗത്തില്‍ മടങ്ങിപ്പോയത്. ഭക്ഷണത്തിനു ശേഷം കടയിലേക്ക് ചെന്നപ്പോള്‍ അയാളെ കണ്ടു. പതിവ് പോലെ ഹൃദ്യമായ ചിരിയാല്‍ സ്വാഗതം ചെയ്തു. കച്ചവടത്തിനിടയില്‍ പോലും കുറച്ചു നേരം ഞങ്ങളുമായി വിശേഷം പങ്കിട്ടു. തിരിച്ചു പോവുമ്പോള്‍ എന്നും തോന്നാറുണ്ട്, എങ്ങനെയാണീ മനുഷ്യന് ഇത്രയേറെ നോവുകള്‍ മറച്ചുപിടിച്ചുകൊണ്ട് ഇത്രയും ഹൃദ്യമായി സംസാരിക്കാന്‍ സാധിക്കുന്നതെന്നു. ആലോചിച്ചു തീരുന്നതിനു മുന്നേ പത്മ പറഞ്ഞു, ചില ജീവിതങ്ങള്‍ അങ്ങനെയാണ്, അവര്‍ നിമിഷങ്ങള്‍ തീര്‍ക്കുന്നവര്‍, അവര്‍ക്കായി ദുഃഖങ്ങള്‍ പകലില്‍ മാറിനില്‍ക്കും. രാവിന്റെ മറവില്‍ അവരുടെ ഏകാന്തതയില്‍ അവരാ ദുഃഖങ്ങളെ അത്രമേല്‍ പ്രിയമോടെ താലോലിക്കുന്നു, കണ്ണുനീര്‍ പൊഴിക്കുന്നു. മനസ്സിലെ നോവുകള്‍ ആ കണ്ണീരിലൂടെ ഒലിച്ചുപോവുന്നു. സത്യമാണെന്ന് ശ്രീഹരിയുടെ പിന്തുണയും. നേര്‍ത്ത ഒരു മന്ദഹാസം കൊണ്ട് മറുപടി. ഞങ്ങള്‍ വീണ്ടും നിശ്ശബ്ദരായി, കുട്ടികളുടെ കളികള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുട്ടികള്‍, കുഞ്ഞുങ്ങള്‍, അവരുടെ പുഞ്ചിരി, കുസൃതി, വാശി, തല്ലുകൂടല്‍.. ബാല്യം സുന്ദരമാണ്, അത്രയേറെ നിഷ്കളങ്കമായത് കൊണ്ടായിരിക്കണമത്. കാണുന്നതിലെല്ലാം അവര്‍ക്ക് കൗതുകങ്ങളാണ്, അവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചിലപ്പോഴെങ്കിലും അധ്യാപകര്‍ക്ക് ഉത്തരമില്ലാതാവുന്നു. അല്ലെങ്കില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നു എന്ന് പറഞ്ഞു അധ്യാപകരെ രക്ഷപ്പെടുത്താം.. 

ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. രാത്രി പതിനൊന്നുമണിക്ക് വീണ്ടും നാട്ടിലേക്ക് പുറപ്പെടണം.. മഞ്ഞവെയിലില്‍ പൂക്കളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. പുഴയില്‍ വീഴുന്ന വെയില്‍നാളങ്ങള്‍.... പുഴയൊരു കണ്ണാടിച്ചില്ല് പോലെ... ചിതറിവീണ പളുങ്ക്പാത്രം പോലെ... വിലകൂടിയ വലിയൊരു വൈരക്കല്ല് പോലെ.... പുഴയെ തഴുകിയെത്തുന്ന കാറ്റ്, അക്കരെ, പുഴയ്ക്കക്കരെയുള്ള ആരുടെയോ പ്രണയരഹസ്യമോതുന്നു. മരങ്ങളത് കേട്ട് കിലുങ്ങനെ ചിരിക്കുന്നു. മരത്തണലുകള്‍ വീട്ടിലേക്കുള്ള വഴികാട്ടിയായി.. നിഴലുകള്‍ മനോഹരമായ ചിത്രങ്ങള്‍ വരഞ്ഞു. അവ മണ്ണില്‍ കൈകോര്‍ത്തു നടക്കുന്നു.. വീടിന്റെ വരാന്ത ഞങ്ങളെ കാത്തിരിക്കുന്നു.. വാതിലുകള്‍ അടച്ചിടാത്ത വീട്.. ഞങ്ങളെ കണ്ടപ്പോള്‍ വീടൊന്നു ചിരിച്ചുവോ?! കഴിഞ്ഞ ദിവസം രാത്രി വന്നു കയറിയതിന്റെയും ഇന്ന് തിരികെ പോകുന്നതിന്റെയും പരിഭവങ്ങള്‍ പറഞ്ഞുവോ?! ഞങ്ങള്‍ കുറച്ചു നേരം വരാന്തയിലിരുന്നു. പത്മ അകത്തുപോയി കുടിക്കാന്‍ ജ്യൂസ് തയ്യാറാക്കി ഒരു ഗ്ലാസ്പാത്രത്തില്‍ കൊണ്ടുവന്നു. മുന്തിരി.. അതിന്റെ സത്ത ഹൃദയത്തിന്റെ ചുവപ്പ് പോലെ ഗ്ലാസ്സില്‍. ഹൃദയം ഞങ്ങള്‍ മൂവരും പങ്കു വച്ചു.. ഹരിയും ഞാനും ചതുരംഗപ്പലകയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു. ഇവിടെയെത്തിയാല്‍ ഒരുവട്ടമെങ്കിലും ചതുരംഗം കളിക്കണം. ജയിക്കാനും തോല്‍ക്കാനും വേണ്ടിയല്ല, ജയവും തോല്‍വിയുമില്ലാതെ കുറച്ചു നേരം.. രണ്ടുപേരും കരുക്കള്‍ നീക്കുന്നതത്രയും പത്മയുടെ നിര്‍ദ്ദേശപ്രകാരം. ഒടുവില്‍ കറുപ്പില്‍ രാജാവും, വെളുപ്പില്‍ രാജാവും മന്ത്രിയും മാത്രമാകും. അപ്പോള്‍ പത്മ വീണ്ടും പറയും, 
"ഹരീ ഇവനിനിയും ജയിക്കാന്‍ പഠിച്ചില്ല"യെന്ന്. 
"നീ തോല്‍പ്പിച്ചതല്ലേ പത്മേ"യെന്നു ഹരിയും. 
പെയ്തു പോയേക്കാവുന്ന മേഘമായി പത്മയുടെ കണ്ണുകള്‍. സജലമായ മിഴികള്‍ വിരല്‍കൊണ്ട് തുടച്ചു ഹരി അവളെ ചേര്‍ത്തുനിര്‍ത്തി. "ഹേയ് ചുമ്മാതല്ലേ.."
"കളത്തിനു പുറത്തുള്ള കരുക്കളെല്ലാമെനിക്കല്ലേ പത്മേ.. പിന്നെന്തിനാണ് നിന്റെ മിഴികളീറനാവുന്നത്.."
"നീ മിണ്ടരുത്, ജീവിക്കാനറിയാത്തവന്‍!"
"നിനക്ക് ദേഷ്യമോ?!"
"സ്നേഹം"
"അപ്പോള്‍ ചിരിക്കൂ...പത്മേ, ജീവിതത്തിലെ നോവുകളെ സന്തോഷമായി കാണാന്‍ കഴിയുന്ന കാലമുണ്ട് നമുക്കോരോരുത്തര്‍ക്കും. ഞാനിപ്പോള്‍ ആ കാലത്തിലാണ്, നാളെയൊരിക്കല്‍ നീയും അവിടെയെത്തും, അന്ന് നിന്റെ കണ്ണുകള്‍ ഇതുപോലെയീറനാവില്ല"

___________________________________________________________________________________________
കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം. ജീവിക്കുന്നവരോ, ജീവിച്ചിരുന്നവരോ, ഇനി ജനിക്കാനിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യത തോന്നുന്നെങ്കില്‍ യാദൃശ്ചികം മാത്രം!
___________________________________________________________________________________________